
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇപിജിപി)18-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇതോടനുബന്ധിച്ച് നടന്ന 15-ാമത് ബാച്ചിന്റെ ബിരുദദാനച്ചടങ്ങിൽ 615 പേർ പങ്കെടുത്തു. ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി, ഐഎസ്ആർഒ ചെയർമാൻ ഡോ വി നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
വർക്കിംഗ് പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള രണ്ട് വർഷ എംബിഎ പ്രോഗ്രാമാണഅ ഇപിജിപി. ആഗോള ബിസിനസ് രംഗത്ത് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന പ്രതിഭകളെ സൃഷ്ടിക്കുന്നതിനുള്ള ഐഐഎമ്മിന്റെ പ്രതിബദ്ധത ഇപിജിപിയിലൂടെ ഊട്ടിയുറപ്പിക്കുന്നതായി പ്രൊഫസർ ദേബാശിഷ് ചാറ്റർജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ററാക്ടീവ് ലേണിംഗ് (ഐഎൽ) പ്ലാറ്റ്ഫോം വഴി നൽകുന്ന 750 മണിക്കൂർ ക്ലാസുകൾ ഇപിജിപിയിൽ ഉൾപ്പെടുന്നു. അക്കൗണ്ടിംഗ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, ഫിനാൻസ്, സ്ട്രാറ്റജി, ഹ്യൂമൻ റിസോഴ്സസ് എന്നിവയുൾപ്പെടെയുള്ള പ്രധാന കോഴ്സുകളടക്കമുള്ള സമഗ്ര പാഠ്യപദ്ധതിയാണിത്. എഞ്ചിനീയറിംഗ്, മെഡിസിൻ, ആർക്കിടെക്ചർ, മാസ് കമ്യൂണിക്കേഷൻ, നിയമം, ഫാഷൻ ടെക്നോളജി തുടങ്ങി വൈവിധ്യമാർന്ന വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ് പഠിതാക്കളിൽ ഭൂരിഭാഗവും. 17-ാം ബാച്ചിൽ 26 ശതമാനം വനിതകളാണ് പഠിക്കുന്നത്. പ്രഭാഷണങ്ങൾ, കേസ് സ്റ്റഡീസ്, ധവളപത്രങ്ങൾ, സിമുലേഷനുകൾ, അസൈൻമെന്റുകൾ എന്നിവയ്ക്കായി ഐഐഎം കോഴിക്കോടിന്റെ ഫാക്കൽറ്റികളുടെയും പരിചയസമ്പന്നരായ വ്യവസായ പ്രാക്ടീഷണർമാരുടെയും സേവനം ലഭ്യമാക്കുന്നുണ്ട്. കോഴിക്കോട് ഐഐഎമ്മിലെ 13,000 ത്തിലധികം പൂർവ്വ വിദ്യാർത്ഥികളുടെ സഹായവും വിദ്യാർഥികൾക്ക് ലഭിക്കുന്നു.
എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഇമാറ്റ്), നേരിട്ടുള്ള അഭിമുഖം എന്നിവയിലൂടെയാണ് പ്രവേശനം. അപേക്ഷകർക്ക് ഇമാറ്റിന് പകരമായി ക്യാറ്റ്, ജിആർഇ അല്ലെങ്കിൽ ജിമാറ്റ് സ്കോറുകൾ (ഇമാറ്റ് തീയതി മുതൽ മൂന്ന് വർഷത്തിൽ കൂടരുത്) സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ദീപാ സേത്തിയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. കോഴ്സിന്റെ ബ്രോഷർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പ്രകാശനം ചെയ്തു.











